ന്യൂഡല്‍ഹി: പൗരത്വത്തിന്റെ അന്തിമതെളിവായി പാസ്പോര്‍ട്ടിനെ കണക്കാക്കാനാകില്ലെന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്.
പാസ്പോര്‍ട്ട് പ്രാഥമികമായി ഒരു യാത്രാരേഖ മാത്രമാണെന്നും പൗരത്വത്തിന്റെ അന്തിമതെളിവല്ലെന്നുമുള്ള നിലപാട് പതിറ്റാണ്ടുകളായി നിലനില്‍ക്കുന്നതാണെന്നും ഇതില്‍ നയപരമായ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ബുധനാഴ്ച കേന്ദ്ര വിദേശകാര്യ മന്ത്രാലയം സംഘടിപ്പിച്ച ചടങ്ങിലായിരുന്നു സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ രാഷ്ട്രീയ വിവാദമായ പ്രസ്താവന മന്ത്രാലയത്തിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന് നടത്തിയത്.
16 സംസ്ഥാനങ്ങളില്‍ നിലവില്‍ നടക്കുന്ന വോട്ടര്‍പട്ടിക പുതുക്കലില്‍നിന്ന് ഒഴിവാക്കപ്പെടുന്നവര്‍ക്ക് പാസ്പോര്‍ട്ട് കാണിച്ച് പൗരത്വം തെളിയിക്കാനാകുമോയെന്ന ചോദ്യത്തിനു മറുപടിയായിട്ടായിരുന്നു വിശദീകരണം. വിദേശയാത്രകളില്‍ പാസ്പോര്‍ട്ട് ഒരാളുടെ ദേശീയത സാക്ഷ്യപ്പെടുത്തുന്നുണ്ടെങ്കിലും നിയമപരമായി അതു പൗരത്വത്തിന്റെ അന്തിമമായ തെളിവല്ല. പൗരത്വവുമായി ബന്ധപ്പെട്ടു തര്‍ക്കമുണ്ടായാല്‍ മറ്റ് പ്രസക്തമായ തെളിവുകള്‍ക്കൊപ്പം പാസ്പോര്‍ട്ടും കോടതികള്‍ക്കു പരിഗണിക്കാം.
1967ലെ പാസ്പോര്‍ട്ട് നിയമത്തിലെ സെക്ഷന്‍ 20 പ്രകാരം പൊതുതാത്പര്യം മുന്നിര് ത്തി ഇന്ത്യന്‍ പൗരനല്ലാത്ത ഒരു വ്യക്തിക്കും കേന്ദ്രസര്‍ക്കാരിന് പാസ്പോര്‍ട്ടോ യാത്രാരേഖയോ അനുവദിക്കാമെന്ന വ്യവസ്ഥയുള്ളതിനാലാണു പാസ്പോര്‍ട്ട് പൗരത്വത്തിന്റെ കൃത്യമായ തെളിവായി സ്വീകരിക്കാത്തത്.
2023ല്‍ മദ്രാസ് ഹൈക്കോടതി ശ്രീലങ്കന്‍ അഭയാർഥിയുടെ മകള്‍ക്ക് ഇത്തരത്തില്‍ പാസ്പോര്‍ട്ട് അനുവദിക്കാന്‍ ഉത്തരവിട്ടത് ഇതിന് ഉദാഹരണമാണ്. 2025 ഓഗസ്റ്റ് 12ന് ലോക്സഭയിലെ ഒരു ചോദ്യത്തിന് മറുപടി നല്‍കവെ ഇന്ത്യയില്‍ പൗരത്വം തെളിയിക്കാന്‍ ആവശ്യമായ സാധുതയുള്ള രേഖകള്‍ ഏതൊക്കെയാണെന്നു വ്യക്തമാക്കാന്‍ ആഭ്യന്തരമന്ത്രാലയം തയാറായില്ല.
പൗരത്വം നിര്‍ണയിക്കുന്നത് 1955ലെ പൗരത്വ നിയമപ്രകാരം രൂപീകരിച്ചിട്ടുള്ള ചട്ടങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായാണ് എന്നാണു കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് രേഖാമൂലം നല്കിയ മറുപടിയില്‍ വ്യക്തമാക്കിയത്.
ജനം, വംശാവലി, രജിസ്ട്രേഷന്, സ്വാഭാവിക പൗരത്വം എന്നിവയിലൂടെയാണ് പ്രധാനമായും ഇന്ത്യയില്‍ പൗരത്വം ലഭിക്കുന്നത്. 1986, 2003, 2019 വര്‍ഷങ്ങളിലെ ഭേദഗതികളിലൂടെ പൗരത്വനിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയിട്ടുണ്ട്.
എന്നാൽ, പാസ്പോർട്ട് പൗരത്വത്തിനു തെളിവല്ലെങ്കിൽ പിന്നെ ഏതു രേഖയാണ് പൗരത്വം തെളിയിക്കാൻ ഉപയോഗിക്കേണ്ടതെന്ന ചോദ്യവുമായി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനും രാജ്യസഭാ എംപിയുമായ കപിൽ സിബൽ, തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര തുടങ്ങിയവർ രംഗത്തുവന്നു.
രാജ്യത്തെ ഏറ്റവും വിശ്വസനീയമായ രേഖയുടെ മൂല്യം സർക്കാർ കുറച്ചുകാണിക്കുകയാണെന്ന് പ്രതിപക്ഷനേതാക്കൾ ആരോപിച്ചു. കർശനമായ പരിശോധനകൾക്കുശേഷമാണ് പാസ്പോർട്ട് നൽകുന്നതെന്നും അതിനാൽ ഈ നിലപാട് യുക്തിരഹിതമാണെന്നും സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ നിരവധിപ്പേർ ചൂണ്ടിക്കാട്ടി.